രാത്രി, യാമങ്ങൾ ഏറെ ചെന്നിട്ടുണ്ടാവും, പൊടുന്നനെ എന്തോ വീഴുന്നത് കേട്ടു അയാൾ ഞെട്ടി ഉണർന്നു. വളരെ ബുദ്ധിമുട്ടി ഏന്തിപിടിച്ച ഒരു ഉറക്കമാണ് അങ്ങിനെ ശിഥിലമായത് . നഗരത്തിൽ എത്തിയിട്ട് അവർക്കു അധികമായില്ല. ഒരു പനിയുടെ തുടക്കം കണ്ട പരിഭ്രാന്തിയിൽ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിൽ വന്നതാണ് അവർ. ടെസ്റ്റ് ചെയ്തപ്പോൾ നേരിയ സംശയം പറഞ്ഞു ഡോക്ടർ. അങ്ങിനെ നഗരത്തിലെ ഒരു സുഹൃത്തിന്റെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിൽ ക്വാറന്റൈനിൽ ആയി.പുതിയ സ്ഥലമായതു കൊണ്ടും ലോക്ക് ഡൌൺ പ്രതിബന്ധം നിലനിൽക്കുന്നതിനാലും പരിസരബോധം വന്നിട്ടുമില്ല.അയാളുടെ നിദ്രാഭംഗം വരുത്തിയ ശബ്ദം അടുത്ത മുറിയിൽ ഉറങ്ങുന്ന അവളെ തെല്ലും അലട്ടിയില്ല.ജനൽ കർട്ടൻ മാറ്റി അയാൾ ഇരുട്ടിലേക്കു ചുഴിഞ്ഞു നോക്കി. പാർക്കിംഗ് സ്ഥലത്തു വെളിച്ചമില്ലാത്തതുകൊണ്ട് അയാൾക്ക് ഒന്നും വ്യക്തമായില്ല.ആശങ്കയും ഉത്കണ്ഠയും ഒരേ സമയം അയാളെ ഗ്രസിച്ചു.കിടക്കയുടെ അടുത്ത് വെച്ചിരുന്ന ടൈം പീസിൽ നേരം അഞ്ചു മണിയെ ആയിട്ടുള്ളു. പ്രഭാതമാകാൻ ഇനിയും സമയമെടുക്കും എന്ന് അയാൾ ഓർത്തു . കുറച്ചു നേരം ക്ഷമിച്ചു സഹി കെട്ട് അയാൾ പുറത്തേക്കു ഇറങ്ങാൻ തന്നെ തീരുമാനിച്ചു. നിൽക്കുമ്പോൾ കാലുകൾ വിറക്കുന്നുവോ തല തിരിയുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി, മാസ്ക് ധരിച്ച് സാവധാനം അയാൾ വാതിൽ നിശ്ശബ്ദം തുറന്നു പുറത്തേക്കിറങ്ങി. നവംബർ മാസത്തെ തണുപ്പ് അയാൾക്കുമേൽ ആലിപ്പഴം പോലെ പ്രഹരമേൽപിച്ചു.ഭാഗ്യം, ലിഫ്റ്റ് അതേ നിലയിൽ തന്നെ വന്നു കിടക്കുന്നുണ്ടായിരുന്നു. താഴത്തേക്കുള്ള ബട്ടൺ അമർത്തി അയാൾ ഗ്രൗണ്ട് ഫ്ലോറിൽ എത്തി. തികച്ചും വിജനവും നിശ്ശബ്ദവുമാണ് പരിസരം. അയാൾ കുറച്ചൊന്നു കൗതുകത്തോടെ ചുറ്റിനും നടന്നു നോക്കി. അസാധാരണമായി ഒന്നും അയാൾക്ക് വെളിപ്പെട്ടില്ല.ഫ്ലാറ്റിനു മുന്നിൽ വാച്ച്മാൻ കസേരയിൽ തൻ്റെ തല മടിയിൽ നിക്ഷേപിച്ച് ഉറങ്ങന്നു.ഒരു അപസർപ്പക ഉദ്യമം വിഫലമായ ദുഃഖത്തിൽ അയാൾ തിരിച്ചു മുകളിലേക്കു തന്നെ മടങ്ങി.മുകളിൽ എത്തിയപ്പോളാണ് അകത്തേക്ക് പോകാൻ ഇന്റെർലോക്കിൻ്റെ താക്കോൽ എടുക്കാൻ മറന്നിരിക്കുന്നു എന്നയാൾക്ക് മനസ്സിലായത്. അകത്തു ഉറങ്ങുന്ന ഭാര്യയെ അകാലത്തിൽ ഉണർത്തിയാലുള്ള വിപത്തിനെ മുന്നേ കണ്ടു അയാൾ തത്കാലം വെളിച്ചമാകുന്നത് വരെ കാത്തിരിക്കാൻ തീരുമാനിച്ചു.പെട്ടെന്നാണ് അയാൾക്കു മുന്നിൽ അധികം ദൂരത്തല്ലാതെ ബോട്ടിൽ പനകളുടെ (Bottle palm) തലപ്പുകൾ കാണാറായത്. കാറ്റിൽ അവ ഉറഞ്ഞു തുള്ളി സംഹാരതാണ്ഡവം ചെയ്യുന്നത് പോലെ അയാൾക്കു തോന്നി.പ്രഭാതം പിരിഞ്ഞു പോയ പാലു പോലെ അങ്ങിങ്ങു കട്ടി പിടിച്ചു കിടന്നു. പനന്തലപ്പുകൾ പ്രകാശത്തിൽ കൂടുതൽ തെളിമയോടെ കണ്ടുതുടങ്ങി. അവകൾ നിരനിരയായി നിൽക്കുന്നതും നോക്കി അയാൾ നിന്നു . പൊടുന്നനെ വാതിൽ തുറക്കുന്നതും ഭാര്യയുടെ ശബ്ദവും അയാൾ കേട്ടു. “ഹേ മനുഷ്യാ, നിങ്ങളോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഒറ്റയ്ക്ക് പുറത്തിറങ്ങരുത് എന്ന്. കിടക്കപ്പായിൽ നിന്നു ഇപ്പോൾ എഴുന്നേറ്റിട്ടെ ഉള്ളൂ, അപ്പോളേ തുടങ്ങി വായ്നോട്ടം. അകത്തേക്ക് പോകു വേഗം.”തൻ്റെ സുപ്രഭാതം ദുഷ്പ്രഭാതമാകുമോ എന്ന ഭീതിയിൽ ഞാൻ അനുസരണയോടെ അകത്തേക്കു കയറി
, . പകൽ മുഴുവൻ തനിക്ക് വെളിപ്പെട്ട ആ ദൃശ്യത്തിൻ്റെ ആസുര വിഭ്രമാൽമകതയിൽ മയങ്ങി കിടന്നു അയാൾ.മയക്കത്തിൽ വിത്തുകൾ തൻ്റെ ഭ്രുണങ്ങൾക്കു കൈകാലുകൾ കൊടുത്ത് പിച്ച വെപ്പിക്കുന്നതും സൈന്ധവ നദീതടങ്ങൾ ശുഷ്കിച്ച നീർച്ചാലുകൾ ആകുന്നതും താരാവലികൾ തങ്ങളുടെ ഭ്രമണപഥം വെടിഞ്ഞു സംഹാര രോഷത്തോടെ പരസ്പരം ഏറ്റുമുട്ടുന്നതും അയാൾ സ്വപ്നം കണ്ടു.ഉണർന്നപ്പോൾ ഇരുട്ട് ഒരു കരിമ്പടം പോലെ അയാളെ ചൂഴ്ന്നു കിടന്നു. പനംതോപ്പിൽ എത്താനുള്ള വ്യഗ്രത അയാളെ അതിശക്തമായി പിടികൂടിയിരുന്നു ഭാര്യയുടെ കണ്ണ് വെട്ടിച്ചു എതു വിധേനയും അവിടെ എത്തുക എന്നതു അയാൾക്കു ഒരു അഭിനിവേശമായി മാറി. പിറ്റേന്ന് ഉച്ചയൂണിനു ശേഷം ഭാര്യ ഉറക്കത്തിലേക്കു ചാഞ്ഞപ്പോൾ പതിയെ വാതിൽ തുറന്ന് അയാൾ പുറത്തേക്കു ഇറങ്ങി .അയാളുടെ ഫ്ലാറ്റ് അടക്കം നിരവധി ഫ്ളാറ്റുകളുടെ ഒരു സമുച്ചയം അയാൾക്കും പനംതോപ്പിനും ഇടയ്ക്കു അഭേദ്യമായ ഒരു മതിൽ സൃഷ്ടിച്ചു . ഇനി ലക്ഷ്യത്തിൽ എത്താൻ കുറെ വളഞ്ഞു പോകണം .കാലുകളുടെ വിറയൽ വക വെക്കാതെ അയാൾ തൻ്റെ സങ്കേതത്തിലേക്കു മന്ദമന്ദം നടന്നു തുടങ്ങി. കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നു കാണും ,പനം തലപ്പുകൾ കണ്ടു തുടങ്ങി .അടുത്ത് എത്തുവോളും പനയുടെ ഭീമാകാരം അയാൾക്ക് പ്രത്യക്ഷമായി.അപ്പോഴാണ് അയാൾക്ക് മനസ്സിലായതു പനകൾ ഒരു ഉദ്യാനത്തിലാണ് നിൽക്കുന്നത് എന്ന് .പ്രസൂതി വാർഡിൽ ഗർഭിണികൾ നിരനിരയായി തങ്ങളുടെ ഊഴവും കാത്തു നിൽക്കുന്നതുപോലെ അവർ കാണപ്പെട്ടു .ഉദ്യാനം തികച്ചും അശാസ്ത്രീയമായി ,ചെടികളും വള്ളികളും എമ്പാടും വളർന്നു പന്തലിച്ചു നിൽക്കുന്നു.ആകാശത്തിൽ നിന്ന് വിത്തുകൾ വാരി വിതറി അവകൾ യഥേഷ്ടം വളർന്നത് പോലെ . ഉദ്യാനം അടുക്കുന്തോറും പനകളിൽ തൂങ്ങിയാടുന്ന പട്ടകൾ കബന്ധങ്ങൾ പോലെ അയാൾക്ക് തോന്നി.പൊടുന്നനെ തലേന്നത്തെ തൻ്റെ നിദ്രാഭംഗത്തിൻ്റെ കാരണം അയാൾക്ക് മനസ്സിലായി.പനമ്പട്ടകൾ പതിക്കുന്ന ശബ്ദമാണ് അയാൾ കേട്ടത്. .ഉദ്യാനവീഥി പരുക്കനായ കോൺക്രീറ്റ് പാളികൾ അടുക്കി വൃത്താകൃതിയിൽ ഉണ്ടാക്കിയിരിക്കുന്നു .വീഥിയിൽ ഉടനീളം ഉറഞ്ഞുതുള്ളുന്ന പനകളിൽ നിന്നും പട്ടകൾ വീണുകിടന്നിരുന്നു.ദ്രവിച്ച ഉദ്യാന വാതിൽ തുറന്നു അയാൾ അകത്തേക്ക് ചെന്നു .കോൺക്രീറ്റ് വീഥിയുടെ ഓരം ചേർന്ന് കബന്ധങ്ങൾക്കു കുറുകെ ചാടി അയാൾ നടന്നു . പൊടുന്നനെ വസുന്ധര ഒരു പ്രകമ്പനത്തോടെ പിളർന്നു അയാൾക്ക് മുന്നിൽ ഒരു ഗർത്തമായി പരിണമിച്ചു.അതിശക്തമായി വീശിത്തുടങ്ങിയ കാറ്റിൽ പുൽനാമ്പുകൾ തൻ്റെ സ്വേദകണങ്ങൾ വിതറിയും കരിയിലസഹസ്രങ്ങൾ അവയുടെ ചിറകുകൾ ത്യജിച്ചും ,ഉറുമ്പിൻ കൂട്ടങ്ങൾ തങ്ങളുടെ അച്ചടക്കം വെടിഞ്ഞും ഗർത്തത്തിലേക്ക് കൂപ്പു കുത്തി. അപ്പോൾ അയാൾക്കുമേൽ വേപ്പിൻമരങ്ങളിൽനിന്നും കായകൾ ഘോരഘോരം പെയ്തുകൊണ്ടിരുന്നു . പനമ്പട്ടകളുടെ പതനാക്രോശങ്ങളറിയാതെ അവൾ അപ്പോഴും ഉച്ച ഉറക്കത്തിലായിരുന്നു.എവിടുന്നോ ഒഴുകിയെത്തിയ അഹിരി രാഗത്തിൻ്റെ ഗമകങ്ങൾ പനംതലപ്പുകളിൽ തത്തി കളിച്ചു പിന്നെ നടുനിവർത്തി കിടന്നു .
Proud of you Acha
LikeLike
Reblogged this on Rendezvous with Life.
LikeLike